കൃതികൾ

ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം,1905മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയിൽ രചനകൾ നടത്തിയത്.ആദ്യകാലകൃതികളിൽ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കിൽ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങൾ ദർശിക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളർന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ദർശിക്കാം.സോളമന്റെ ഗീതങ്ങളുടേയും സങ്കീർത്തനങ്ങളുടേയും സ്വാധീനം കാണാം.
  • അൽ മ്യൂസിക്കാ
ആദ്യ കൃതി.ഇത് രചിക്കപ്പെട്ടത് അറബി ഭാഷയിലാണ്.1905ൽ ആണ് ഇത് രചിച്ചത്.
  • താഴ്വരയിലെ സ്വർഗ്ഗകന്യകൾ(ആംഗലേയം:Nymphs of the Valley)
  • ഒടിഞ്ഞ ചിറകുകൾ(ആംഗലേയം:Broken Wings)‍
വിവാഹമെന്ന സാമൂഹ്യസമ്പ്രദായത്തെ തന്നെ വെറുക്കാനിട വന്ന ഒരു പ്രണയബന്ധത്തിന്റെ തകർച്ച ആണ് 1908ൽ പ്രസീദ്ധീകരിച്ച ഈ കൃതിക്ക് കാരണമായത്.അമ്മയുടെ മരണം തീവ്രമായി ഉളവാക്കിയ നഷ്ടബോധം ഈ കൃതിയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. "മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം"
  • ക്ഷോഭിക്കുന്ന ആത്മാവ്(ആംഗലേയം:Spirits Rebellious)
മതങ്ങളുടെ ആചാരങ്ങളേയും പക്ഷപാതപരമായ സാമൂഹ്യനീതികളേയും കർക്കശമായി വിമർശിക്കപ്പെട്ടിരുന്നു എന്ന കാരണത്താൽ 1908ൽ പ്രസിദ്ധീകരിച്ച ഈ കൃതി വിവാദങ്ങൾക്ക് വഴിയൊരുക്കി.
  • പ്രവാചകന്(ആംഗലേയം:The Prophet)‍
1923ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ തന്റെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കും ദർശനസാന്ദ്രമായ ആവിഷ്കാരം നൽകി. പ്രണയം, വിവാഹം, നിയമം, കുഞ്ഞുങ്ങൾ, നീതി, ശിക്ഷ, സ്വാതന്ത്ര്യം, ഔദാര്യം,മതം,സുഖം,ദുഃഖം എനിങ്ങനെയുള്ള ആശയങ്ങൾക്ക് അൽമുസ്തഫ എന്ന പ്രവാചകനിലൂടെ രൂപം നൽകുന്നു.
  • യേശു,മനുഷ്യന്റെ പുത്രൻ‌(ആംഗലേയം:Jesus,The Son Of Man)‍
1928ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ഉച്ചസ്ഥായിയിലെത്തിച്ചേർന്ന ജിബ്രാന്റെ ദർശനവും ഉൾക്കാഴ്ചയും കാണാം.യേശുവിനെക്കുറിച്ച് ഈ കൃതിയിൽ "ഒടിഞ്ഞ ചിറകുള്ള ഒരു പക്ഷിയായിരുന്നില്ല യേശു.വിരിഞ്ഞ പക്ഷങ്ങളുള്ള സർവവും പിടിച്ചുലക്കുന്ന ഉഗ്രമായൊരു കൊടുങ്കാറ്റായിരുന്നു."
  • മണലും നുരയും(ആംഗലേയം:Sand and Foam)
സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ നിരാകരിക്കുന്ന നായകന്മാരോടായിരുന്നു ജിബ്രാന് ബഹുമാനമുണ്ടായിരുന്നത്.ആയതിനാൽ ഇദ്ദേഹം യഥാർത്ഥ യേശുഎന്ന് വിശ്വസിയ്ക്കുന്ന ഒരുവനിൽ ആകൃഷ്ടനായിരുന്നു.ഈ കൃതിയിൽ നസരേത്തിലെ യേശു കൃസ്തുമതത്തിലെ യേശുവിനോട് ഇപ്രകാരം പറയുമായിരിക്കുമെന്ന് ജിബ്രാൻ എഴുതി"എന്റെ സുഹൃത്തേ,നമുക്കൊരിക്കലും പൊരുത്തപ്പെടാനാവുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു"
  • ദ് മാഡ് മാൻ
1918ൽ ആണ് ഇത് രചിച്ചിരിക്കുന്നത്.ആംഗലേയഭാഷയിലുള്ള ആദ്യകൃതിയാണിത്.