ജീവിതരേഖ

ആദ്യകാലം

ഖലീൽ ജിബ്രാന്റെ ബാല്യകാലത്തെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. മാരോനൈറ്റ് കത്തോലിക്കരായിരുന്നു ജിബ്രാന്റെ കുടുംബം. ഖലീൽ ജിബ്രാൻ എന്നുതന്നെയായിരുന്നു അച്ഛന്റെ പേര്. ഉത്തരവാദരഹിതമായ ജീവിതം നയിച്ച അച്ഛനേക്കാൾ അമ്മ കാമില റഹ്‌മേയാണ് ജിബ്രാന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയത്. കാമിലയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു ജിബ്രാന്റെ പിതാവ്. പീറ്റർ എന്ന അർദ്ധസഹോദരനും മരിയാന സുൽത്താന എന്നീ സഹോദരിമാർക്കുമൊപ്പമായിരുന്നു ബാല്യകാലം.
കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതൻ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ബൈബിളിന്റെ ബാലപാഠങ്ങളും ഈ പുരോഹിതനിൽ നിന്നുതന്നെ മനസ്സിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുൾപ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളിൽ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.
1894ൽ അമേരിയ്ക്കയിലേയ്ക്ക് ജിബ്രാൻ കുടുംബം കുടിയേറി.രണ്ട് വർഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനട്ടിൽ മടങ്ങിയെത്തിയ ജിബ്രാൻ ബെയ്ത്തൂറിലെ മദ്രസ-അൽ-ഹിക്മ എന്ന സ്ഥാപനത്തിൽ അന്താരാഷ്ട്രനിയമം,മതങ്ങളുടെ ചരിത്രം,സംഗീതം എന്നിവയും അഭ്യസിച്ചു.

പ്രശസ്തിയിലേയ്ക്ക്

1904ൽ ജിബ്രാൻ തന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തി.1908ൽ ചിത്രകലാപഠനം പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യൻ സാഹിത്യവുമായി കൂടുതലുടുക്കാൻ സഹായിച്ചത്.ചിത്രകലയിലെ ആധുനികപ്രവണതകൾ അന്വേഷിക്കാൻ ശ്രദ്ധിച്ചിരുന്നു.ഭ്രാന്തൻ വിപ്ലവം എന്നാണ് ആധുനികചിത്രകലയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.പാരീസിൽ വെച്ച് ശില്പിയായ അഗസ്റ്റേ റോഡിനുമായി പരിചയപ്പെട്ടു.ഉൾക്കാഴ്ചയുള്ള വിലയിരുത്തലുകൾ ജിബ്രാനെ കുറിച്ച് ഇദ്ദേഹം നടത്തി.